ഷവര്‍മയ്ക്ക് പിന്നാലെ ഐസ്ക്രീമില്‍ നിന്നും ഭക്ഷ്യവിഷബാധ; കാസര്‍കോട് രണ്ട് സഹോദരങ്ങള്‍ ചികിത്സയില്‍

Food poison
 


കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരണമടഞ്ഞതിന് പിന്നാലെ ഐസ്ക്രീം കഴിച്ച്‌ സഹോദരങ്ങള്‍ ചികിത്സയില്‍. കാസര്‍കോട് സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാസര്‍കോ‌ട് ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് നിന്നുമാണ് ഇവര്‍ ഐസ്ക്രീം വാങ്ങികഴിച്ചത്.

അതേസമയം ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഭക്ഷ്യവിഷബാധ മൂലം കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി 16 വയസുകാരി ദേവനന്ദ മരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.