ഹര്‍ത്താലിന് അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്‍റെ കുടുംബത്തിനും ജപ്തി നോട്ടീസ്

Forfeiture notice For PFI worker subair family
 

പാലക്കാട്: കഴിഞ്ഞ ഏപ്രിലിൽ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈർ, 5 മാസങ്ങൾക്ക് ശേഷം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ നഷ്ടം നികത്തണമെന്ന് റവന്യൂ വകുപ്പ്. ഹർത്താലിനെ തുടർന്നുണ്ടായ 5.2 കോടി രൂപയുടെ ബാധ്യത തീർക്കാൻ സുബൈറിന്റെ പേരിലുള്ള 5 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനാണ് നോട്ടിസ് പതിപ്പിച്ചത്. 

കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ രോഗാവസ്ഥയിൽ റോഡിലേക്കിറങ്ങേണ്ടി വരുമെന്ന് സുബൈറിന്റെ കുടുംബം പറയുന്നു. 2022 ഏപ്രിൽ പതിനഞ്ചിനാണ് കാറിലെത്തിയ സംഘം വീടിന് സമീപത്തായി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സുബൈർ കൊല്ലപ്പെട്ടത് 2022 ഏപ്രിൽ 15 ന്. എന്നാല്‍ പിഎഫ്ഐ ഹർത്താൽ നടന്നത് 2022 സെപ്റ്റംബർ 23 നാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അഞ്ച് മാസം മുമ്പ് 2022 ഏപ്രില്‍ 15 നാണ് എലപ്പുള്ളിയിലെ സുബൈര്‍ കൊല്ലപ്പെട്ടത്. 

നേതാക്കളുടെ കൂട്ട അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആചരിച്ചത് സെപ്റ്റംബർ 23നാണ്. ഈ ഹർത്താലിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ചതിന് ഭാരവാഹികളിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തുടര്‍ന്നാണ് ഹർത്താലിന് അഞ്ച് മാസം മുൻപ് കൊല്ലപ്പെട്ട സുബൈറും നഷ്ടം നികത്താന്‍ ബാധ്യസ്ഥനെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 

 
അതേസമയം, മലപ്പുറത്തെ ജപ്‌തി നടപടിയിൽ ആക്ഷേപങ്ങൾ ഉണ്ടായെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പിഎഫ്ഐ ബന്ധമില്ലെന്ന് നോട്ടീസ് കിട്ടിയവർ പറയുന്നതിന്റെ വസ്തുത പരിശോധിക്കും. ആക്ഷേപങ്ങൾ പരിശോധിച്ച് പരിഹാരം കാണുമെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചു. ഏറ്റവും കൂടുതൽ നടപടി മലപ്പുറം ജില്ലയിൽ(126). കുറവ് കൊല്ലത്ത് (1) പാലക്കാട് (23) കോഴിക്കോട് (22) തൃശൂർ (18) വയനാട് (11) എന്നിങ്ങനെയാണ്.