ഫിജിയിൽ നിന്ന് കൊച്ചിയിലേക്ക്; മാറ്റത്തിന്‍റെ വലയെറിഞ്ഞ് തരുസില

ഫിജിയിൽ നിന്ന് കൊച്ചിയിലേക്ക്; മാറ്റത്തിന്‍റെ വലയെറിഞ്ഞ് തരുസില
 

കൊച്ചി: ജെൻഡർ ഇൻ അക്വാകൾച്ചർ ആൻഡ് ഫിഷറീസ് എട്ടാമത് ആഗോള കോൺഫറൻസിൽ  (ഗാഫ്8-GAF8)പങ്കെടുക്കാൻ ഫിജിയിൽ നിന്ന് കൊച്ചിയിൽ എത്തി മത്സ്യബന്ധന മേഖലയിലെ തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് തരുസില.

മത്സ്യബന്ധനം പ്രധാന വരുമാനമാർഗ്ഗമായ ഒരു ചെറു ദ്വീപാണ് ഫിജി. ഫിജിയിലെ ഒരു മത്സ്യ തൊഴിലാളിയും, മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും  അവരുടെ ഉന്നമനത്തിനായും  പ്രവർത്തിക്കുന്ന വ്യക്തിയാണ് തരുസില.

മത്സ്യ തൊഴിലാളികളായ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ, അത് അത്ര എളുപ്പമുള്ള ഒരു യാത്ര ആയിരുന്നില്ല.
അതിന് ഒരുപാട് ത്യാഗങ്ങൾ ആവശ്യമാണ്. സമയവും, പണവും, ജീവിതവും എല്ലാം സമൂഹത്തിലെ മത്സ്യത്തൊഴിലാളികൾക്കായി  മാറ്റിവെയ്ക്കേണ്ടി വന്നു. 14 വർഷത്ത തന്റെ യാത്ര ഓർക്കുകയായിരുന്നു തരുസില.

ഫിജിയിലെ മറൈൻ ഏരിയ നെറ്റ് വർക്കിലെ ഒരു മുൻ നിര പ്രവർത്തക എന്ന നിലയിൽ തരുസില  മത്സ്യ തൊഴിലാളികളായ സ്ത്രീകളുടെ പ്രശ്നങ്ങൾ ആഗോള തലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാക്കി മാറ്റി.

ഫിജിയിലെ വനുവ ലെവുവിലെ ബൗ ലോമാനികോറോയിൽ നിന്നുള്ള തരുസില വെയ്ബി നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രതിനിധിയായാണ് തന്റെ യാത്ര ആരംഭിച്ചത്. ജില്ലയെയും പ്രവിശ്യയെയും പ്രതിനിധീകരിക്കുന്ന ഏക വനിതയായതിനാൽ പല സമുദായ നേതാക്കളും അവളുടെ തീരുമാനങ്ങൾക്ക് വേണ്ട രീതിയിൽ പ്രാധാന്യം നൽകിയിരുന്നില്ല.

സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്താനും അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാൻമാരാക്കുകയും, മറ്റു ഗ്രാമങ്ങളിലുള്ള സ്ത്രീകളുടെ ഇടയിൽ പ്രവർത്തിച്ച് അവരുടെ കാഴ്ച്ചപ്പാടുകളും, വിജയഗാഥയുമെല്ലാം മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാനും താൻ ശ്രമിക്കാറുണ്ടെന്ന് തരുസില പറയുന്നു. 

2015-ൽ ഫിജി പ്രവിശ്യകളിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾക്ക്  മഡ് ക്രാബ് കൃഷിയുടെ പ്രാധാന്യം ചുണ്ടികാട്ടുകയുണ്ടായി. ഫിജിക്ക് ചുറ്റുമുള്ള നിരവധി മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പ്രിയപ്പെട്ട വിഭവമാണ് ഞണ്ട്, അതുകൊണ്ട് ടൂറിസം വ്യവസായത്തിലെ ഒരു പ്രധാന ആകർഷണമാണിത്. "2017-ൽ, ഫിജിയിലെ മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ന്യൂയോർക്കിൽ നടന്ന ഒരു സമ്മേളനത്തിൽ "വുമൺ ഹീലർ ഓഫ് ദി ഓഷ്യൻ" എന്ന വിഷയത്തിൽ സംസാരിക്കുകയുണ്ടായി.

"ഇപ്പോൾ ഞാൻ കേരളത്തിലാണ്, ഫിജി പോലെ തന്നെയാണ് കേരളവും. രണ്ടിടങ്ങളിലേയും ഭക്ഷണവും കാലാവസ്ഥയും, ആതിഥെയത്വ മനോഭാവവുമാണ് ആളുകളെ  ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. ഇവിടുത്തെ പ്രശ്നങ്ങൾ പോലും സമാനമാണെന്ന് തോന്നുന്നു."  
സമൂഹത്തിന്റെ സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരതയ്ക്ക്  മത്സ്യബന്ധനവും അതിനനുബന്ധ മേഖലകളും  സംരക്ഷിക്കേണ്ടത് എത്ര പ്രധാനമാണ് എന്ന് അവർ ഊന്നിപ്പറയുന്നു.

ഫിജിയുടെ കമ്മ്യൂണിറ്റി മാനേജ്മെന്റ് പ്ലാനുകൾ,  സുസ്ഥിരമായ മത്സ്യബന്ധന രീതികൾ, മത്സ്യത്തൊഴിലാളി അസോസിയേഷനുകൾ സൃഷ്ടിക്കുക, തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളെ പൂർണ്ണമായി പങ്കാളികളാക്കുക എന്നിവ  മത്സ്യത്തൊഴിലാളി സമൂഹത്തിൽ പുതു തരംഗത്തിന് തുടക്കമിട്ട ചില മാറ്റങ്ങളാണ്.

 സുസ്ഥിരമായ കമ്മ്യൂണിറ്റി അധിഷ്ഠിത മത്സ്യത്തൊഴിലാളി മാനേജ്മെന്റിനായുള്ള നിർദ്ദേശത്തിൽ, സുസ്ഥിര മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം പോലുള്ള ഭീഷണികളെ ലഘൂകരിക്കുമെന്ന് തരുസില പറയുന്നു. 

തന്റെ ചുറ്റുമുള്ള മത്സ്യ തൊഴിലാളികളുടെ അവകാശങ്ങൾക്കായും, മത്സ്യ ബന്ധന മേഖലയിൽ പുതിയ മാറ്റങ്ങൾക്കായും പോരാടുന്ന തരുസില ഇന്ന് 60-കളുടെ തുടക്കത്തിലാണ്.

ജെൻഡർ ആൻഡ് ഹ്യൂമൻ റൈറ്റ്സ് സ്പെഷ്യലിസ്റ്റായ നതാലി മഖൂൾ ; ഫെയിം ഡിവിഷൻ, എസ് പി സി , സൗത്ത് പസഫിക്ക് കമ്മ്യൂണിറ്റി പ്രോഗാം പ്രതിനിധി മാർഗരറ്റ് ഫോക്സ് എന്നിവരും തരുസിലയെ അനുഗമിക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളിൽ നിന്നായി പങ്കെടുക്കുന്ന 300ലധികം ഗാഫ്8 സമ്മേളന പ്രതിനിധികൾക്ക് പ്രചോദനമായി മാറുകയാണ് മൽസ്യരംഗത്തെ അന്താരാഷ്ട്ര സ്ത്രീപക്ഷ മുഖമായ തരുസില.