കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പ്രതാപവർമ തമ്പാൻ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പ്രതാപവർമ തമ്പാൻ അന്തരിച്ചു
 

കൊല്ലം: കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് അന്ത്യമുണ്ടായത്. 

2001-2006ൽ ചാത്തന്നൂര്‍ എം.എൽ.എ ആയിരുന്നു പ്രതാപവർമ തമ്പാൻ. കൊല്ലം മുൻ ഡി.സി.സി പ്രസിഡന്‍റാണ്. കുണ്ടറ പേരൂർ സ്വദേശിയായ പ്രതാപവർമ തമ്പാൻ എംഎ, എൽഎൽബി ബിരുദധാരിയാണ്.


പ്രതാപവർമ്മ തമ്പാന് ശേഷം ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും ഇതുവരെ കോൺ​ഗ്രസിന് മറ്റൊരു എം.എൽ.എ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജനകീയനായ നേതാവിനെയാണ് കോൺ​ഗ്രസിന് നഷ്ടമായത്. കഴിഞ്ഞ ദിവസം പോലും അദ്ദേഹം പല പൊതു പരിപാടികളിലും സജീവമായിരുന്നു. ഡി.സി.സി അദ്ധ്യക്ഷൻ ഉൾപ്പടെയുള്ള കോൺ​ഗ്രസ് നേതാക്കൾ ജില്ലാ ആശുപത്രിയിലെത്തിയിട്ടുണ്ട്.

തേവള്ളി കൃഷ്‌ണകൃപയിൽ സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനായ തമ്പാൻ കെഎസ്‌യുവിന്റെ സ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. കെഎസ്‌യു ട്രഷറർ, കലാവേദി കൺവീനർ, കെഎസ്‌യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.