കെടിയു താല്‍ക്കാലിക വിസി നിയമനം; ഗവർണർക്കെതിരെ സർക്കാർ ഹരജി

highcourt
 

കൊച്ചി: കെടിയു താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഗവർണർ നടത്തിയ നിയമനം സർവ്വകലാശാല നിയമത്തിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. ഹർജിയിൽ ഉത്തരവ് ഉണ്ടാകുന്നത് വരെ കേരളത്തിലെ ഏതെങ്കിലും വിസിമാർക്ക് പകരം ചുമതല നൽകാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. 

ഗവർണർ വി.സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു. സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്. 

വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്തിന്‍റെ പരാതിയിലായിരുന്നു നടപടി. 
 

അതേസമയം, ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് എല്ലാ വിസിമാരും വിശദീകരണം നൽകി. 10 വൈസ് ചാൻസലർമാരാണ് വിശദീകരണം നൽകിയത്. കണ്ണൂർ വിസി വിശദീകരണം നൽകിയത് അഭിഭാഷകൻ മുഖേനയാണ്. ഇന്ന് ഉച്ചേയോടെയാണ് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് മറുപടി നൽകിയത്. തന്റെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങൾ നടന്നിട്ടില്ലെന്നാണ് വി.സി നൽകിയ മറുപടിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്.

മുമ്പ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരുന്നത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ സാങ്കേതിക സർവകലാശാല വി.സി നിയമനം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സർവകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ടത്.