സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂട്ടി നീട്ടി സർക്കാർ; കെട്ടിടം മോടി പിടിപ്പിക്കാനും വാഹനം വാങ്ങാനും ഏർപ്പെടുത്തിയ നിയന്ത്രണം തുടരും

secretariat
 


തിരുവനന്തപുരം: സംസ്ഥാനത്ത് ഖജനാവിന്റെ സ്ഥിതി കണക്കിലെടുത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂട്ടി നീട്ടി സർക്കാർ. കൊവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനം, ഫർണീച്ചർ വാങ്ങൽ എന്നിവയ്ക്കുൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്  തുടരുക. 
 

സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്‍ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ.സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണി അധ്യക്ഷനായുള്ള സമിതിയേയുമാണ് ഇതിനായി നിയോഗിച്ചത്. 

നേരത്തെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുള്ള ഉത്തരവ് സർക്കാർ നീട്ടിയിരുന്നു. ഡിസംബർ 31 വരെയാണ് ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് നീട്ടിയത്. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.