ഗവർണർ -മുഖ്യമന്ത്രി പോര് ; കാരണം‌ ലോകായുക്ത ഭേദഗതി ബില്ലിലെ തീരുമാനമോ ?

cm
 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും  മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള  പോരിന്റെ  പ്രധാന കാരണം‌ ലോകായുക്ത ഭേദഗതി ബില്ലിലെ തീരുമാനം എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ലോകായുക്ത ഓർഡിനൻസ് അസാധുവാകുകയും പകരം കൊണ്ടുവന്ന ബില്ലിൽ ഗവർണർ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പഴയ നിയമം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടു തന്നെ സർവകലാശാല ഭേദഗതി ബില്ലിനെക്കാൾ സർക്കാരിനെ ആശങ്കപ്പെടുത്തുന്നത് ലോകായുക്ത ഭേദഗതി ബില്ലാണ്. 

ഗവർണർ ബില്ലിൽ ഒപ്പിടാതെ തീരുമാനം നീട്ടുകയും, പഴയ നിയമം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയാൽ രാജിയാകും ഫലം. രാജിവച്ചില്ലെങ്കിൽ നിയമനടപടികളിലേക്കും പ്രതിപക്ഷ പ്രക്ഷോഭങ്ങളിലേക്കും നീങ്ങും. 

ലോകായുക്ത വിധിയിലൂടെ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നപ്പോഴാണ് ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. അഴിമതിക്കാരെ പുറത്താൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന 14–ാം വകുപ്പ് ഭേദഗതി ബില്ലിലൂടെ ഒഴിവാക്കി.