കേരള സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

arif
 
 

തിരുവനന്തപുരം: കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചു. യൂണിവേഴ്‌സിറ്റി പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് സേർച്ച് കമ്മിറ്റി രൂപീകരിച്ചത്. വി.സി നിയമനത്തിന് സർക്കാർ ഓർഡിനൻസ് രൂപീകരിക്കാനിരിക്കെയാണ് ഗവർണറുടെ ഇടപെടൽ. 

ഗവർണറുടെയും യുജിസിയുടേയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിൽ ഉള്ളത്. സർവകലാശാല നിയമപ്രകാരം സേർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. വി.സി യുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കുന്നത് കൊണ്ടാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.


 വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാര പരിധി പരിമിതപ്പെടുത്താനുള്ള നിയമഭേദഗതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഗവര്‍ണറുടെ നോമിനിയായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആളെ വയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടയിലാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.