അണികളേക്കാൾ ആർഎസ്എസിനെ പുകഴ്ത്തുന്നത് ഗവർണർ; ഇത്രയും തരം താഴരുത് ഗവർണറെന്ന് മുഖ്യമന്ത്രി

pinarayi vijayan
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയിൽ പേരെടുത്ത് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പിണറായി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്നും ബിജെപി യുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണെന്ന് പിണറായി തുറന്നടിച്ചു. 

ഇന്ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് പിണറായിയുടെ തിരിച്ചടി. പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എന്തെങ്കിലും പറയരുത്. ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ടാണ് വല്ലാതെ തരം താഴരുത് എന്നും പിണറായി പറഞ്ഞു. 

കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാൻ്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടത്. കയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണം.

തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോ എന്നാണ് ആർഎസ്എസ് ശ്രമിക്കുന്നത്.തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ്  ആർഎസ്എസ് ആഗ്രഹിക്കുന്നത്. ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർഎസ്എസ്  ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു.ഈ ആർഎസ്എസിനെയാണ് ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ഗവർണർ പുകഴ്ത്തി പറയുന്നത് എന്നും പിണറായി പറഞ്ഞു.