ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണം ;വൈസ് ചാന്‍സലര്‍മാർ കോടതിയില്‍ നൽകി ഹർജി ഇന്ന് പരിഗണിക്കും

arif
 കൊച്ചി: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍  നൽകിയ ഹർജി ഇന്ന് പരിഗണിക്കും .കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹർജി നൽകിയത്. പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വിസിമാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം നടത്തി തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ പുറത്താക്കാനാകൂ. അതിനാല്‍ തന്നെ ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണ്. ഈ നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ ആവശ്യപ്പെടുന്നു. 

വിരമിച്ച കേരള വൈസ് ചാന്‍സലറും കോടതിയെ സമീപിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് നാളെയാണ് മറുപടി നല്‍കാനുള്ള അവസാന സമയപരിധി. എന്നാല്‍ ഈ നോട്ടീസിന് മറുപടി നല്‍കാതെയാണ് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

അതേസമയം, ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അംഗത്വം റദ്ദാക്കിയ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ്  സെനറ്റ് അംഗങ്ങളുടെ നിലപാട്.