കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

sharon
 

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നെന്നും അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായരും തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ കേസിലെ രണ്ടും മൂന്നും പ്രതികളാണ്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമേ വിഷം നല്‍കാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നതിന് ഗ്രീഷ്മക്കെതിരെ 364ാം വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ചികിത്സയിലിരിക്കെ നവംബര്‍ 25ന് ഷാരോണ്‍ മരണപ്പെടുകയായിരുന്നു. തുടക്കത്തില്‍ കേസ് അന്വേഷിച്ച പാറശാല പൊലീസ് ഷാരോണിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണെത്തിയത്. തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയില്‍ പ്രത്യേക സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു.