കാമുകി നല്‍കിയ ജ്യൂസ് കുടിച്ചു ; ഷാരോണ്‍ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം

google news
sharon
 

കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനായി ചികിത്സയിലിരിക്കെ മരണപ്പെട്ട ഷാരോണ്‍ രാജിന്റേത്  ആസൂത്രിത കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം. ആസിഡ് കലര്‍ത്തിയ വെള്ളം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പാറശ്ശാല  സ്വദേശിയും ബിഎസ്‌സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോണ്‍ രാജ് മരിച്ചത്. ഈ മാസം 14ന് തമിഴ്‌നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷമാണ് ഷാരോണിന് അവശതയുണ്ടായത്. 

ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നെന്നും ഇരുവരും വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയിരുന്നതായും കുടുംബം പറയുന്നു. എന്നാല്‍ യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. എന്നാല്‍ തന്റെ സമ്മതപ്രകാരമല്ല വിവാഹം നിശ്ചയിച്ചതെന്നും മറ്റും പറഞ്ഞാണ് പെണ്‍കുട്ടി ഷാരോണിനെ വിളിച്ചു വരുത്തിയത്. സുഹൃത്തിനൊപ്പമായിരുന്നു ഷാരോണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. കാമുകി കഷായവും ഫ്രൂട്ടിയും നല്‍കിയെന്നും അത് കുടിച്ച ശേഷംഷാരോണ്‍ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്നും ഷാരോണിന്റെ സുഹൃത്ത് പറയുന്നു. 

അതേ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്ക് സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.ഇതിന്റെ ഫലം വന്നശേഷം അന്വേഷണം നടത്തും .

Tags