തനിക്ക് ആർഎസ്എസുമായി അടുത്ത ബന്ധം; അതിൽ അഭിമാനിക്കുന്നെന്ന് ഗവർണർ

arif khan
 

തിരുവനന്തപുരം: ആർഎസ്എസ് ബന്ധം ആരോപിക്കപ്പെടുന്നതിനിടെ തന്റെ ആർഎസ്എസ് ബന്ധം വെളിപ്പെടുത്തി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് ആർഎസ്എസുമായി വർഷങ്ങളായി അടുത്തബന്ധമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഈ ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. 

സംസ്ഥാനത്തെ ഇടതു സർക്കാറുമായി വിവിധ വിഷയങ്ങളിൽ നിരന്തരം തർക്കം തുടരുന്ന ഗവർണർ, ആർ.എസ്.എസ് ഏജന്റായാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഇതിനിടെയാണ് ഗവർണറുടെ തുറന്ന് സമ്മതിക്കൽ പുറത്തുവന്നത്. ബിജെപി ചാനലായ ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണറുടെ വെളിപ്പെടുത്തൽ. 

ഏറെ കാലമായി ആർഎസ്എസുമായി അടുത്ത ബന്ധമുണ്ടെന്നും വിദ്യാഭ്യാസരംഗത്തെ സംഘടനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഗവർണർ പറഞ്ഞു. 1986 മുതൽ ആർഎസ്എസുമായി അടുത്ത ബന്ധമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടയാളുകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി സംഘടന നടത്തുന്ന ഏകൽ വിദ്യാലയ പദ്ധതി അഭിനന്ദനാർഹമാണ്. യുവ തലമുറയ്‌ക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ പുണ്യമായ പ്രവൃത്തിയാണ് ആർഎസ്എസ് ചെയ്യുന്നത്. ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മന്ത്രി കെ.ടി ജലീലിന്റെ "ആസാദ് കശ്മീർ" പരാമർശത്തെയും ഗവർണർ വിമർശിച്ചു. കെ.ടി. ജലീലിന്റെ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകേണ്ട ആവശ്യമില്ല. കശ്മീരിന്റെ ചരിത്രം ജലീലിന് അറിയില്ല. സ്വാതന്ത്ര്യ സമരത്തെപ്പറ്റി പോലും ജലീൽ ബോധവാനല്ല -ഗവർണർ പറഞ്ഞു.