കനത്ത മഴ: കണ്ണൂരിലെ മലയോര മേഖലയിൽ അതീവ ജാഗ്രത

kk
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും പത്ത് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുളള ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്നും നാളെയും കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത തുടരന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴ സാധ്യത. വെള്ളിയാഴ്ചയോട് കൂടി മഴ കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കണിച്ചാർ, കേളകം, പേരാവൂ‍ർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.