തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ മഴ; മീൻമുട്ടിയിൽ മലവെള്ളപ്പാച്ചിൽ; വിനോദ സഞ്ചാരികൾ കുടുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ മഴ. വിതുര, കല്ലാർ മേഖലയിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. കല്ലാർ മീൻമുട്ടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി.
കൈത്തോട് കവിഞ്ഞ് റോഡ് വെള്ളത്തിനടിയിലായതോടെയാണ് ഇവർ സ്ഥലത്ത് കുടുങ്ങിയത്. നിരവധി സഞ്ചാരികളെ നാട്ടുകാരും അഗ്നിശമനസേനയും ചേർന്നു രക്ഷപ്പെടുത്തി.
ശക്തമായ മഴയെ തുടർന്നു മങ്കിയാർ കരകവിഞ്ഞു. നിരവധി വീടുകളിലും വെള്ളം കയറി. മഴ കനത്തതോടെ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറക്കാനും തീരുമാനമായി. ജനങ്ങൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം കൊല്ലം കുംഭാവുരുട്ടിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. മൃതദേഹം തെങ്കാശി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒഴുക്കിൽപ്പെട്ട മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സൂചന.