ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത

google news
rain
 

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ - ബംഗാൾ തീരത്തിനു മുകളിലായി ന്യൂനമർദം രൂപപ്പെട്ടുവെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തിയാണ് രൂപപ്പെട്ടിരിക്കുന്നത്.

മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഓഗസ്റ്റ് 6 മുതൽ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.  

പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ ഉടനീളം വ്യാപകമായി സ്വാധീനിക്കാനുള്ള സാധ്യത കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ കനത്ത മഴ തുടര്‍ന്നേക്കാമെന്നും അതിനാല്‍ ജാഗ്രത തുടരണമെന്നുമാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.  

Tags