സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 7 ജില്ലകളിൽ റെഡ് അലർട്ട്

കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
കണ്ണൂരിൽ മലയോരത്ത് കനത്ത മഴയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി രണ്ടുപേരെ കാണാതായി. പേരാവൂർ മേലെ വെള്ളറ എസ് ടി കോളനിയിൽ വീട് തകർന്ന് ഒരാളെയും നെടുമ്പ്രഞ്ചാലിൽ ഒരു കുട്ടിയെയുമാണ് കാണാതായത്. കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയിൽ ഉരുൾപൊട്ടിയ മേഖലയിൽ നിന്ന് 4 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കണ്ണവം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ചെക്യേരി കോളനിയിലെ 4 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 2 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.