ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ഒരു മരണം, നാലുപേരെ രക്ഷപ്പെടുത്തി

death

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. വൈറ്റ് ഓര്‍ക്കിഡ് എന്ന ഹൗസ് ബോട്ടാണ് ഇന്ന് പുലര്‍ച്ചെയോടെ അപകടത്തില്‍പെട്ടത്. ആന്ധ്രപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡിയാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ബോട്ടിലുണ്ടായിരുന്ന നാലു പേരെ രക്ഷപ്പെടുത്തി. രാമചന്ദ്ര റെഡ്ഡിയുടെ മകന്‍ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദര്‍ ,നരേഷ്, ബോട്ട് ജീവനക്കാരന്‍ സുനന്ദന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സംഘം രാത്രി ബോട്ടില്‍ തന്നെ കഴിയുകയായിരുന്നു. ചുങ്കം കന്നിട്ട ബോട്ട്‌ജെട്ടിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബോട്ട് മുങ്ങുന്നത് സമീപത്തെ ബോട്ട്  ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഇവര്‍ ബോട്ടിലുണ്ടായിരുന്ന ടൂറിസ്റ്റുകളെയും ജീവനക്കാരനെയും പുറത്തെത്തിച്ചു. അതേസമയം, ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം അകത്തു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.