കണ്ണൂർ: ഫുട്ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റിയെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഡിസംബർ 23 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയതിൽ ചികിത്സാപിഴവെന്ന് ആരോപണമുയർത്തിരുന്നു.
തലശേരി ചേറ്റംകുന്ന് സ്വദേശി സുൽത്താനാണ് ഒരു കൈ നഷ്ടമായത്. സുൽത്താനെ ആദ്യം ചികിത്സിച്ച തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു. എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടായെന്നും ശസ്ത്രക്രിയ ചെയ്തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല.
അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം രക്തം വാർന്നുപോവുകയും ചെയ്തു. രക്തം വാർന്ന് പോയില്ലെങ്കിൽ കൈ രക്ഷിക്കാൻ കഴിയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.
Comments