മതിയായ വേതനം ലഭിക്കുന്നില്ല;സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം

swiggy
 


തൊഴില്‍ ചൂഷണവും മതിയായ വേതനം ലഭിക്കുന്നില്ലെന്നും ആരോപിച്ച് കൊച്ചിയില്‍ സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം. മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍. ശനിയാഴ്ച സ്വിഗ്ഗി കമ്പനിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. കൊച്ചി റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്തും.

കഴിഞ്ഞ ഒക്ടോബറിലും തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിക്കുകയായിരുന്നു. കിലോമീറ്റര്‍ ദൂരത്തേക്ക് ഭക്ഷണം എത്തിക്കുമ്പോള്‍ 20 രൂപയാണ് ലഭിക്കുന്നതെന്നും പോയി വരുമ്പോഴേക്ക് 8 കിലോമീറ്ററാകുമെന്നും ജീവനക്കാര്‍ പറയുന്നു. ഈ തുക 35 ആയി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. മഴയത്ത് ഡെലിവറി നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ അധികം നല്‍കുന്ന തുകയും ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല.