മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി; പാലക്കാട് കുടുംബത്തിന് ഊരുവിലക്കേർപ്പെടുത്തി

1
മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേർപ്പെടുത്തിയതായി പരാതി. കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്. എന്നാൽ സമുദായ ക്ഷേത്രത്തിൻറെ ഗേറ്റ് തകർത്തതിനാലാണ് കുടുംബത്തെ ജനറൽ ബോഡി യോഗം ചേരുന്നതുവരെ മാറ്റിനിർത്തിയിരിക്കുന്നത് എന്ന് സമുദായ അംഗങ്ങൾ പറഞ്ഞു. അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബവും ചക്ലിയ സമുദായത്തിന്റെ ഊര് വിലക്ക് നേരിടുന്നതായാണ് പരാതി. സമുദായ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജയ്ക്കിടെ ഒരു കുട്ടിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടിരുന്നു, തുടർന്ന് മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിച്ച് ഊര് വിലക്കിയതായി കുടുംബം പറയുന്നു. 

നിലവിൽ ക്ഷേത്രത്തിൽ പോലും പ്രവേശിക്കാൻ അനുവദിക്കുന്നില്ല, കുട്ടികളെ മറ്റു കുട്ടികൾ കളിക്കാനും കൂട്ടുന്നില്ലെന്നും കുടുംബം പറയുന്നു. നീതി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഊര് വിലക്കിയിട്ടില്ലെന്നും സമുദായ ക്ഷേത്രത്തിൻറെ ഗേറ്റ് തകർക്കുകയും, ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതിനാൽ ജനറൽ ബോഡി യോഗം കൂടുന്നതുവരെ മാറ്റി നിർത്തുകയാണ് ചെയ്തത് എന്നും സമുദായ അംഗങ്ങൾ പറഞ്ഞു. വ്യാജ പ്രചാരണങ്ങളാണ് കുടുംബം നടത്തുന്നത് എന്നും സമുദായ അംഗങ്ങൾ ആരോപിച്ചു.