സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

rain
 

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 

ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഞായറാഴ്ച 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ന്യുനമര്‍ദ്ദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടര്‍ന്ന് നവംബര്‍ 12 , 13 തീയതികളില്‍ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്നാട് - പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനുമാണ് സാധ്യത. അതിനാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.