ജോലി നിയമനം ;മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ;കത്തിനെക്കുറിച്ച് അറിയില്ലെന്ന് ആര്യ

arya
 

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തിൽ. കരാര്‍ നിയമനത്തിനായി പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മയൂർ കത്തയച്ചിരുന്നു. മേയറുടെ ലെറ്റര്‍ പാഡിലാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് ലഭിച്ചത്. 295 പേരുടെ നിയമനത്തിനായി തസ്തികയും ഒഴിവും സഹിതമാണ് കത്ത്. കൂടാതെ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

എന്നാൽ സംഭവം വിവാദമായതോടെ ഇത്തരമൊരു കത്ത് അയച്ചിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. കത്ത് അയച്ചെന്ന് പറയുന്ന ദിവസം താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നും ഡെൽഹിയിലായിരുന്നുവെന്നും സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നും മേയര്‍ പറഞ്ഞു. 

അതേസമയം മേയറുടെ കത്ത് കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പത്രത്തില്‍ കണ്ടാണ് കത്തിനെ കുറിച്ച് അറിഞ്ഞത്. കത്ത് വ്യാജമാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പൊലീസില്‍ പരാതി നല്‍കണോ വേണ്ടയോ എന്നതില്‍ മേയറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.