ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ

pala nagarasabha
 


കോട്ടയം: പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജോസിന്‍ ബിനോ 17 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 25 പേര്‍ വോട്ടു ചെയ്ത തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ വിസി പ്രിന്‍സിന് 7 വോട്ട് ലഭിച്ചു. പേര് എഴുതി ഒപ്പിടാത്തതിനാല്‍ ഒരു വോട്ട് അസാധുവായി. അതേസമയം, ഒരു സ്വതന്ത്ര കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജിമ്മി ജോസഫ് ആണ് വിട്ടു നിന്നത്.

നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലായിരുന്നു ജോസിന്‍ ബിനോയുടെ വിജയം. നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് താല്‍പ്പര്യം. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അവസാനനിമിഷം ബിനു പുളിക്കക്കണ്ടത്തിനെ സിപിഎം മാറ്റി നിറുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍ ബിനോ. നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എംലെ ആന്റോ ജോസ് പടിഞ്ഞാറക്കര രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.