മേയര്‍ പൊതുസമൂഹത്തോടു മാപ്പ് പറഞ്ഞ് രാജിവച്ച് പുറത്തു പോകണം: കെ. സുധാകരന്‍

google news
k sudhakaran
 


കണ്ണൂർ: നഗരസഭ തസ്തികകളിൽ പാർട്ടിക്കാരുടെ പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ കത്ത് എഴുതിയതു ഗുരുതരമായ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മേയര്‍ പൊതുസമൂഹത്തോടു മാപ്പ് പറഞ്ഞ് രാജിവച്ച് പുറത്തു പോകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. 


സംഭവത്തില്‍ മേയറുടെ ന്യായീകരണങ്ങൾ ബാലിശമാണ്. പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾക്കെല്ലാം ജോലി കൊടുക്കുകയാണ്. വിവിധ തസ്തികകളിൽ ബന്ധുക്കളെ കുത്തി നിറക്കുന്നതാണ് സിപിഎം സമീപനം. ഇതിലെ ഒരു ചെറിയ ബിന്ദു മാത്രമാണ് ആര്യ രാജേന്ദ്രനെന്നും കെ.സുധാകരൻ പറഞ്ഞു.


മേയർക്ക് ചെറിയ പ്രായമാണ്. തെറ്റും ശരിയും ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അതാണ് അവരുടെ ഏറ്റവും വലിയ അപകടം. ഇതിന്റെയെല്ലാം തെളിവുകൾ മാധ്യമങ്ങളുടെ കൈവശവും മറ്റു രാഷ്ട്രീയപാർട്ടികളുടെ കൈവശവും ഉള്ളപ്പോൾ ഇതു നിഷേധിക്കുന്ന ബാലിശമായ രാഷ്ട്രീയ പ്രകടനമാണ്. മുഖം രക്ഷിക്കാനുള്ള നടപടിയായിട്ടേ ഞങ്ങൾ അതിനെ കാണുന്നുള്ളൂ. അവർ കൊടുത്ത കത്തിന്റെ പകർപ്പ് എല്ലാവരുടെ കൈവശമുണ്ട്. അനിൽകുമാർ കൊടുത്തതിന്റെ പകർപ്പുമുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും ഞാൻ സീൽ വച്ചില്ലെന്നു പറയുമ്പോൾ... പാർട്ടി സെക്രട്ടറിക്കു കൊടുത്ത കത്തിന് സീൽ വയ്ക്കണോ? ഔദ്യോഗികമായി അയയ്ക്കുന്നതിനല്ലേ സീൽ. ന്യായീകരണത്തിന്റെ മാത്രം വാദമെന്ന നിലയ്ക്കേ അതിനു ഞങ്ങൾ വില കൽപ്പിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags