എകെജി സെന്റർ ആക്രമണം: ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് കെ സുധാകരൻ

k sudhakaran
 

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. കട്ടവനെ കിട്ടാത്തപ്പോള്‍ കിട്ടിയവനെ കള്ളനാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ നോക്കി നില്‍ക്കില്ല. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ സുധാകരന്‍ ഇന്ദിരാ ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

അവര്‍ തന്നെ അടിച്ച് തകര്‍ക്കും, എന്നിട്ട് കോണ്‍ഗ്രസുകാരെ പ്രതികളാക്കുന്ന രീതിയാണ് സി.പി.ഐ.എം തുടരുന്നതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ഇത്ര മാസം അന്വേഷിച്ചിട്ടും ഇപ്പോഴാണ് അവര്‍ക്ക് പ്രതികളെ മനസിലായത്. ജനങ്ങള്‍ വിഡ്ഢികള്‍ ആണെന്ന് കരുതരുത്. ഐ.പി ബിനുവിന്റെ പേരാണ് അന്ന് ദൃക്സാക്ഷി പറഞ്ഞത്. ഭരണം ദുരുപയോഗം ചെയ്യുമ്പോള്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

   
ചിലപ്പോ നിയമം ലംഘിക്കേണ്ടി വരും. അതിനുള്ള സാഹചര്യം ഉണ്ടാക്കരുത്. കോൺ​ഗ്രസ് പ്രവർത്തകരെ കുടുക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎമ്മിന് ഞങ്ങളെ വിമർശിക്കാൻ എന്ത് യോഗ്യത? നന്നാവാൻ അവർ ആദ്യം ലേഹ്യവും കഷായവും കഴിക്കട്ടെയെന്നും എംവി ​ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു. 

എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വിവിധ മേഖലകളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്ന നിഗമനമാണ് ക്രൈംബ്രാഞ്ചുള്ളത്. സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരുഹതയുണ്ടെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.