ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ; ബലക്ഷയമില്ലെന്ന് കെ.എം.ആർ.എൽ
Mon, 9 Jan 2023

കൊച്ചി: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44ൽ തൂണിൻ്റെ പ്ലാസ്റ്ററിലാണ് തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിൽ വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.
തൂണിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കെഎംആർഎൽ അറിയിച്ചു. പ്ലാസ്റ്ററിംഗിൽ ഉണ്ടായ വിടവെന്നാണ് ഔദ്യോഗിക വിശദീകരണം. വിശദമായ പരിശോധന നടത്തിയതായും കെഎംആർഎൽ വ്യക്തമാക്കി.
വിള്ളൽ മുമ്പുതന്നെ ശ്രദ്ധയിൽപെട്ടിരുന്നെന്നും ഇത് പരിശോധിച്ച് തൂണിന് ബലക്ഷയമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കെ.എം.ആർ.എൽ. പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.
ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണ വിടവ് വർധിച്ച് വരുന്നതായും സമീപവാസികൾ പരാതിപ്പെട്ടിരുന്നു.