'ഒരു ലക്ഷം പേര്‍ പങ്കെടുക്കും'; സർക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരെ സെക്രട്ടേറിയറ്റ് വളയൽ സമരവുമായി കെപിസിസി

kpcc
 

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കെപിസിസി. രണ്ടു ദിവസമായി കെപിസിസി ആസ്ഥാനത്ത് നടന്ന ഭാരവാഹികളുടെയും നിർവാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ കെപിസിസി തീരുമാനമെടുത്തത്. അതിന്റെ ഭാഗമായി മേയ് 4 വ്യാഴാഴ്ച ഭരണ തകർച്ചയ്‌ക്കെതിരെ, കേരളത്തെ കാക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി ഒരുലക്ഷം പ്രവർത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റ് വളയൽ സംഘടിപ്പിക്കും.

രാവിലെ 7 മുതൽ വെെകുന്നേരം 5 മണിവരെയാണ് സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.വിലക്കയറ്റത്തിനെതിരെയും മയക്കുമരുന്ന് മാഫിയക്കെതിരെയും, സംസ്ഥാന സർക്കാരിന്റെ കർഷക ദ്രോഹത്തിനും സ്വജനപക്ഷപാതത്തിനും പിൻവാതിൽ നിയമനങ്ങൾക്കും ക്രമസമാധാന തകർച്ചയും സെൽഭരണത്തിനും എതിരായുള്ള ജനരോഷം സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധത്തിൽ പ്രതിഫലിക്കും. സെക്രട്ടറിയേറ്റ് വളയൽ വൻ വിജയമാക്കുന്നതിന് വേണ്ടി കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎൽഎ ചെയർമാനായി പ്രക്ഷോഭ കമ്മിറ്റിക്ക് കെപിസിസി രൂപം നൽകി.

 
വിവിധ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിച്ച മേഖലാ കമ്മിറ്റികളുടെ കോഡിനേറ്റർമാരായി കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി.  കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടേത് പിഎം നിയാസിനേയും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടേത് ആര്യാടൻ ഷൗക്കത്തിനേയും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേത് അബ്ദുൾ മുത്തലിബിനും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേത് കെ.പി. ശ്രീകുമാറിനുമാണ് ചുമതല.
  
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി കെപിസിസിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു. പതിനാലു ജില്ലകളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കെപിസിസി വൈസ് പ്രസിഡന്റ്വി .പി. സജീന്ദ്രൻ ചെയർമാനായും എം. ലിജു കൺവീനറായും കമ്മിറ്റി രൂപീകരിച്ചു