'അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം?; ശശി തരൂരിനെ പിന്തുണച്ച് ശബരീനാഥൻ

sabarinathan
 

തിരുവനന്തപുരം: കോഴിക്കോട് യൂത്ത് കോൺ​ഗ്രസ് നടത്താനിരുന്ന പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുൻ എംഎൽഎയും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥൻ രം​ഗത്ത്. മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പരിപാടിയിലൂടെ ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എന്തിനാണ് ഇത്തരത്തിലൊരു നടപടിയെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.  
 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു.

മഹാരാഷ്ട്രയുടെ മണ്ണിൽ ഭാരത് ജോടോ യാത്രയുടെ ഭാഗമായി സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്...അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.

പിന്നെ,അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.

അതേസമയം പരിപാടിക്ക് വിലക്കില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെത്തുടര്‍ന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയത് സാങ്കേതിക കാരണത്താലാണെന്നും തരൂര്‍ പറഞ്ഞു. ആരെയും ഭയമില്ല, ഭയപ്പെടുത്തേണ്ടതില്ലെന്നും പാര്‍ട്ടിയില്‍ ശത്രുക്കളില്ലെന്നും തരൂര്‍ പ്രതികരിച്ചു.

 
  
നേരത്തെ ശശി തരൂർ പങ്കെടുക്കുന്ന നാളത്തെ സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയിരുന്നു. അസൗകര്യങ്ങൾ മൂലമാണ് തീരുമാനമെന്ന് യൂത്ത് കോൺഗ്രസ് വിശദീകരിച്ചു. ‘സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിക്കും.

കണ്ണൂരിൽ ശശി തരൂരിനെ പങ്കെടുപ്പിച്ച് സെമിനാർ നടത്താൻ തീരുമാനിച്ചില്ലെന്ന് ഡിസിസി അധ്യക്ഷൻ പറഞ്ഞു. അടുത്ത മൂന്ന് ദിവസങ്ങളിലായി മലബാറിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് തരൂർ സന്ദർശനം നടത്തുന്നത്.