ഇടുക്കിയില്‍ കെഎസ്ആർടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

accident
 ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ബസില്‍ നിന്ന് പുറത്തെടുത്ത് കോതമംഗലം ധര്‍മഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കറ്റ പത്താം മൈൽ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തിൽ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിൽ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. അപകടം നടക്കുന്ന സമയത്ത് അറുപതോളം പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേക്ക് മാറ്റി.