മാധ്യമം പത്രം നിരോധിക്കാന്‍ കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു; സ്വപ്ന സുരേഷ്

jaleel

 മാധ്യമം ദിനപ്പത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചെന്നു  സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.മാധ്യമം ദിനപ്പത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം. കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ വച്ച് കെ.ടി.ജലീല്‍ നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയാതെയായിരുന്നു ഇതെന്നും  സത്യവാങ്മൂലത്തില്‍ സ്വപ്ന വെളിപ്പെടുത്തി.

ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും സത്യവാങ്മൂലത്തിലുണ്ട്. ജലീലിനും കോണ്‍സല്‍ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്നാണ് ഹൈക്കോടതിയില്‍ സ്വപ്ന നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.  പ്രോട്ടോക്കള്‍ ലംഘനം നടത്തി കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തില്‍ സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. 

തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനല്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടത്താനായിരുന്നു ജലീലിന്റെ ശ്രമം. നയതന്ത്ര ചാനല്‍ വഴിയുളള ഇടപാടിന് സര്‍ക്കാരിനെ  ഭരിക്കുന്ന പാര്‍ട്ടിയുടെ  പിന്തുണയുണ്ടാകുമെന്ന് കോണ്‍സല്‍ ജനറല്‍ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നുണ്ട്. യുഎഇ ഭരണാധികാരികള്‍ക്കിടയില്‍ പ്രത്യേക പരിഗണനയ്ക്കായി ശ്രമം നടത്തിയെന്നാണ് മറ്റൊരു ആരോപണം. പ്രത്യേക പരിഗണന ലഭിച്ചാല്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ കഴിയുമെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിന് ഉറപ്പു നല്‍കിയെന്നും സ്വപ്ന ആരോപിക്കുന്നു.