കെടിയു വിസി നിയമനത്തിൽ അപാകതയില്ല; സര്‍ക്കാര്‍ ഹര്‍ജി തള്ളണമെന്ന് ഗവര്‍ണര്‍; സത്യവാങ്മൂലം നല്‍കി

arif
 

കൊച്ചി: കെടിയു താൽക്കാലിക വിസി നിയമനത്തില്‍ അപാകതയില്ലെന്ന് ഗവർണറുടെ വിശദീകരണം. സർക്കാർ ശുപാർശ ചെയ്തവർക്ക് യുജിസി ചട്ടപ്രകാരം ചുമതല നൽകാനാകില്ലെന്നാണ് ഗവർണര്‍ വിശദീകരിക്കുന്നത്. സർക്കാർ ശുപാർശ ചെയ്തത് പ്രോ വി സിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്. എന്നാൽ ഈ രണ്ട് ശുപാർശകളും യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. 

സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയും, യു ജി സി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും ഗവര്‍ണറുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചതു റദ്ദാക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണു ഗവർണറുടെ വിശദീകരണം.   

സുപ്രീം കോടതി വിധി അനുസരിച്ചും യുജിസി ചട്ടപ്രകാരവുമാണു സിസ തോമസിന്റെ നിയമനം. വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാനാകില്ല. അവരുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായാണു നിയമനം നടത്തിയതെന്നും ഗവർണർ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.  

അതേസമയം, സിസ തോമസിനെ നിയമിച്ചതിനെതിരെ സർവകലാശാലയിൽ ഇടതു സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ഉദ്യോഗസ്ഥർ താൽക്കാലിക വിസിക്കു ഫയലുകൾ നൽകാത്തതിനാൽ സർട്ടിഫിക്കറ്റ് വിതരണം ഉൾപ്പെടെ പ്രതിസന്ധിയിലായിരിക്കുകയാണ്. 

കോഴ്സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ രാജശ്രീയെ  വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി കഴിഞ്ഞമാസം പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകൾ തള്ളി ഡോ സിസ തോമസിന് ഗവര്‍ണര്‍ പകരം ചുമതല നൽകിയത് ഈ മാസം നാലിന്. സിസ വന്നത് മുതൽ സര്‍വ്വകലാശാല പ്രൊ. വിസിയും  രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം പൂര്‍ണ്ണ നിസ്സഹകരണത്തിൽ. ഗവര്‍ണറോടുള്ള എതിര്‍പ്പ് കാരണം താൽകാലിക ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ . നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമിപിച്ചിരിക്കുകയാണ്. പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ നൽകുന്നില്ല. ഇടത് സംഘടനകളും എസ്എഫ്ഐയും നിരന്തരം സമരത്തിലാണ്.