കളമശ്ശേരി ബസ് കത്തിക്കൽ: തടിയന്റവിട നസീർ ഉൾപ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി

Kalamassery bus burning case
 

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 

പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജയിൽ മോചനം ആവശ്യപ്പെട്ടു തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലെ പ്രതികളെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. നേരത്തെ കേസിലെ പ്രതി കെ.എ.അനൂപിന് ആറു വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അനൂപ് ഒഴികെയുള്ള പ്രതികള്‍ പല കേസുകളിലായി തടവില്‍ തുടരുന്നതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. 2010ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ല്‍ മാത്രമാണ് തുടങ്ങിയത്.

തടിയന്റവിട നസീര്‍, സൂഫിയ മഅ്ദനി ഉള്‍പ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്. 2005 സെപ്റ്റംബർ 9നാണ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നി‌ന്നു സേലത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് പ്രതികൾ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിനു സമീപം യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയ ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് 2009 ലാണ് എൻഐഎയ്ക്ക് കൈമാറിയത്. തുടർന്ന് 2010 ലാണ് കുറ്റപത്രം നൽകിയത്. കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
 
നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാന്‍ നസീര്‍ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. പിന്നീട് കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുല്‍ റഹീമിനെയും കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മഅ്ദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്. ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേര്‍ത്ത് 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പൊലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകള്‍ പിന്നീട് കാണാതായി.