കളമശ്ശേരി ബസ് കത്തിക്കല്‍; തടിയന്റവിട നസീർ ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ചു

bus fire
 

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്ക് 7 വര്‍ഷം തടവും പിഴയും പറവൂര്‍ സ്വദേശി താജുദ്ദീന് 6 വര്‍ഷം തടവും  1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കും.

പ്രതികൾ  മൂന്നുപേരും എന്‍ഐഎ കോടതിയുടെ  മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂര്‍ സ്വദേശി കെ.എ. അനൂപിനെ കോടതി ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.

പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയും തുടർന്ന് കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു.