കനകമല ഐ എസ് കേസ്: സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ

Kanakamala IS case Sidhikkul Aslam punished for 3 years
 

കൊച്ചി: കനകമല ഐ എസ് കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ  വിധിച്ചത്. പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അൻസാറുൾ ഖലീഫ എന്ന പേരിൽ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്.  

തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് സിദ്ധിഖുല്‍ അസ്‍ലം. സൗദിയിലായിരുന്ന സിദ്ദിഖിനെ ഇന്‍ര്‍പോളിന്‍റെ നോട്ടീസിനെ തുടര്‍ന്ന് നാടു കടത്തുകയായിരുന്നു. പ്രതിയെ ദില്ലി വിമാനത്താവളത്തിൽ വെച്ച് ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ എൻഐഎ പിടികൂടുകയായിരുന്നു. . 2016ൽ സംസ്ഥാനത്ത് സ്‌ഫോടന പരമ്പര തീർക്കുന്നതിന് കണ്ണൂർ കനകമലയിൽ ഒത്തുകൂടിയെന്നാണ് പ്രതികൾക്കെതിരായ കേസ്.

കനകമല ഐഎസ് റിക്രൂട്ട്‌മെൻറ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും നേരത്തെ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി തലശേരി സ്വദേശി മൻസീദിന് 14 വർഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വർഷം തടവും പിഴയുമാണ് നേരത്തെ കോടതി വിധിച്ചത്.
 
തങ്ങളുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല.  പ്രതികളുടെ ഐ എസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിനാൽ രാജ്യദ്രോഹ കുറ്റം നില നിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കുറ്റക്കാരായ പ്രതികൾ തീവ്രവാദ സംഘം ആണെന്ന്  നിരീക്ഷിച്ച കോടതി ഇവർ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചതെയും കണ്ടെത്തി.