ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം അബൂബക്കർ മുസലിയാർ; കാലിക്കറ്റ് സർവകലാശാല വിസിക്ക് കത്തു നൽകി

google news
  Kanthapuram
 

കോഴിക്കോട്: ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ. ഇതു സംബന്ധിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കാന്തപുരം കത്ത് നൽകി. ചർച്ചകൾ തന്റെ അറിയോടെയല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കർ മുസലിയാർക്കും ഡി ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.

വിദ്യാർഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിൽ യൂണിവേഴ്‌സിറ്റി കൂടുതൽ വ്യാപൃതരാവണം എന്നതാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെയും മർകസിന്റെയും താൽപര്യം. യൂണിവേഴ്‌സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഹോണററി പദവികൾ നൽകുന്നതിലല്ല, മറിച്ച് യൂണിവേഴ്‌സിറ്റിയിൽ പ്രതീക്ഷ അർപ്പിച്ച് എത്തുന്ന യൂണിവേഴ്‌സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താൽപര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങൾ നൽകുന്നതിലുമാണ് സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

വിസിയുടെ സാന്നിധ്യത്തിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് ഇരുവർക്കും ഡി ലിറ്റ് നൽകാനുള്ള പ്രമേയം ഇടതുപക്ഷ അംഗമായ ഇ. അബ്ദുറഹിമാൻ അവതരിപ്പിച്ചത്. വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഡി ലിറ്റ് നൽകണമെന്നാണു പ്രമേയത്തിലുള്ളത്.  

Tags