കരുവന്നൂർ ബാങ്ക് ക്രമക്കേട്: അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

highcourt
 


കൊച്ചി: കരുവന്നൂർ കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്രൈബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന ഹരജിയിലാണ് നിർദേശം. ബാങ്ക് ഭരണ സമിതിയംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപത്തിൽ നിന്നാണ് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കാൻ ഈ തുക വിനിയോഗിച്ചെന്നണ് ഹരജിക്കാരൻ കോടതിയെ അറിയിച്ചിട്ടുള്ളത്.

ബാങ്ക് അധികൃതരുടെ അറിവോടെ 450 കോടിയോളം രൂപയെങ്കിലും വകമാറ്റിയിട്ടുണ്ടാവും. കേസിലെ പ്രതികൾക്ക് ഭരണത്തിലുള്ള ഇടതു മുന്നണിയുമായി ബന്ധമുള്ളതിനാൽ ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം രാഷ്ട്രീയ സമ്മർദ്ദത്താൽ അട്ടിമറിക്കാനിടയുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

നിലവിലെ അന്വേഷണം കാര്യകക്ഷമമല്ലാത്തതിനാല്‍ കേസിൽ സി.ബി.ഐ അല്ലങ്കില്‍ ഇ.ഡി അന്വേഷണമെന്നാവശ്യപ്പെട്ട് മുൻ ജീവനക്കാരൻ നൽകിയ ഹരജിയിലാണ് കോടതി നിര്‍ദേശം. കഴിഞ്ഞ വർഷം ജൂലൈ 21 ന് മുൻ ജീവനക്കാരനായ എം വി സുരേഷ് നൽകിയ ഹർജിയിൽ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാ‌ഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുവെന്നും അന്വേഷണം മുന്നോട്ട് പോകുകയും ചെയ്തിട്ടില്ലെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.