കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി

arif
 

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. തൽസ്ഥാനത്ത് നിന്ന് ഗവർണറെ നീക്കികൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ ചട്ടത്തിൽ ഭേദഗതി വരുത്തുകയായിരുന്നു. ചാൻസലറായി കലാ സാംസ്‌കാരിക രംഗത്തെ വിദഗ്ധർ വേണമെന്ന മാറ്റമാണ് വരുത്തിയത്. 

കേരളത്തിലെ പതിനാല് സർവകലാശാലകളിലെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കാനുള്ള ഓർഡിനൻസ് മന്ത്രിസഭ യോഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ എത്തിച്ചേർന്നിരിക്കുന്നത്.
 
പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. ചട്ട പ്രകാരം സ്പോൺസറാണ് ചാൻസലറെ നിയമിക്കേണ്ടത്. കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ. സംസ്ഥാനത്തെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ ഉത്തരവിലൂടെ ഇടത് സർക്കാർ.