കോഴിക്കോട് മലിനജല പ്ലാന്റ്: എംഎൽഎ വിളിച്ച ചർച്ചയ്ക്കിടെ സംഘർഷം; ഒരാള്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മലിനജല പ്ലാന്റ്: എംഎൽഎ വിളിച്ച ചർച്ചയ്ക്കിടെ സംഘർഷം; ഒരാള്‍ക്ക് പരിക്കേറ്റു
 


കോഴിക്കോട്: കോഴിക്കോട് ആവിക്കൽ തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ച യോ​ഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും ഉണ്ടായത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു.

സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു. ശക്തമായ പ്രതിഷേധമുണ്ടായതോടെ എം.എൽ.എ സ്ഥലത്ത് നിന്നും മടങ്ങി.
 
കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ വിളിച്ച യോഗത്തിലേക്ക് ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകരെ വിളിച്ചിരുന്നില്ല.എന്നാല്‍ സമരസമിതി പ്രവര്‍ത്തകര്‍ ജനസഭ ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തി. പദ്ധതിയെ കുറിച്ചുള്ള ആശങ്കള്‍ അടങ്ങിയ ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് ഇവര്‍ എത്തിയത്. ഇത് ചോദിക്കാന്‍ അവസരം നിഷേധിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. എംഎല്‍എക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു.  


ബന്ധപ്പെട്ട വാർഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാർഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം ചർച്ച ചെയ്തെന്നാണ് ഇവർ ആരോപിക്കുന്നത്. എതിർപ്പുകൾ മറികടന്ന് ചോദ്യം ചോദിച്ചവരെ യോഗത്തിൽ നിന്നു പുറത്താക്കിയെന്നും ആരോപണമുണ്ട്. തങ്ങൾ ചോദ്യങ്ങൾ എഴുതിക്കൊണ്ടുവന്നതാണെന്നും, എന്നാൽ ഒരു ചോദ്യം പോലും ചോദിക്കാൻ അനുവദിച്ചില്ലെന്നും പ്രദേശവാസികൾ പറയുന്നു.


സമരക്കാർ യോഗം നടന്ന ഹാളിൽ തള്ളിക്കയറി എംഎൽഎയെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. ഹാളിനു പുറത്ത് സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായപ്പോൾ പൊലീസ് രണ്ടുതവണ ലാത്തിവീശി. 

അതേസമയം, സ്വന്തം പാര്‍ട്ടിക്കാരെ മാത്രമാണ് എംഎല്‍എ ജനസഭക്ക് വിളിച്ചതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ജനസഭ പെട്ടെന്ന് പിരിഞ്ഞു. ആവിക്കല്‍ സമര  സമിതി പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം എംഎല്‍എയുടെ യോഗം അലങ്കോലപ്പെടുത്തിയെന്ന് സിപിഎം ആരോപിച്ചു.