കുഴല്‍മന്ദം അപകടം: കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; മുന്‍പും അശ്രദ്ധയോടെ വണ്ടിയോടിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍

kuzhal mandam accident
 

പാലക്കാട്:കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വദേശി സിഎല്‍ ഔസേപ്പിനെയാണ് സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

മുന്‍പും ഔസേപ്പ് ഇത്തരത്തില്‍ കൃത്യവിലോപം നടത്തിയിട്ടുണ്ടെന്നും അശ്രദ്ധമായി വാഹനമോടിച്ചിട്ടുണ്ടെന്നും പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി.  ഇനിയും ഔസേപ്പ് ഡ്രൈവറായി സര്‍വീസില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുമെന്നും ഇയാളുടെ നടപടി കെഎസ്ആര്‍ടിസിയ്ക്ക് അവമതിപ്പുണ്ടാക്കിയയെന്നും അതിനാല്‍ അന്വേഷണവിധേയമായി പിരിച്ചുവിടുന്നതായി ഉത്തരവില്‍ പറയുന്നു. അപകടത്തിന്റെ ദൃശ്യങ്ങളില്‍ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമാണ്.

2022 ഫെബ്രുരി 7നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിടിച്ചാണ് ബൈക്ക് യാത്രക്കാരായിരുന്ന രണ്ടു യുവാക്കള്‍ മരിച്ചത്. റോഡിന് ഇടത് വശത്ത് കൂടി ബസിന് കടന്നുപോകാന്‍ സ്ഥലമുണ്ടായിരുന്നിട്ടും ബസ് വലത് വശത്തേക്ക് കയറ്റുകയും അടുത്തുകൂടി പോകുകയായിരുന്ന ബൈക്കിലുണ്ടായിരുന്ന യുവാക്കളെ തട്ടിയിടുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ഔസേപ്പ് സസ്‌പെന്‍ഷനിലായിരുന്നു.അതേസമയം, ബസ് ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കിയെന്ന ക്രൈംബ്രാഞ്ച്  കുറ്റപത്രത്തിന്റെ അടിസ്ഥാന്നത്തില്‍ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തിയിരുന്നു.