ജഡ്ജിയുടെ പേരില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി; ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തല്‍

highcourt
 

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ സിനിമാ നിര്‍മ്മാതാവില്‍ നിന്ന് കോഴ വാങ്ങിയ സംഭവത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപയാണ് സൈബി വാങ്ങിയത്.

അതേസമയം, സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകര്‍ മൊഴി നല്‍കിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്. ജഡ്ജിമാരുടെ പേരില്‍ വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്നും അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം പൊലീസ് അഭിഭാഷകനെതിരെ അന്വേഷണം നടത്തി വരികയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ട് അന്വേഷണം നടത്താനാണ് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുള്ളത്. അഭിഭാഷകനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കം കമ്മീഷണറുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.