പ്ലസ് ടു സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും നൽകും

plus2
 


പ്ലസ് ടു പാസാകുന്നവർക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും നൽകാൻ ​പദ്ധതിയിട്ട് ഗതാ​ഗത വകുപ്പ്. ഹയർ സെക്കൻഡറി ക്ലാസുകളിൽ റോഡ്, ​ഗതാ​ഗത നിയമങ്ങൾ പാഠഭാ​ഗമാക്കാനും ഗതാഗത വകുപ്പ് പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട കരിക്കുലം റിപ്പോർട്ട് ​ഗതാ​ഗത വകുപ്പ് അടുത്ത ആഴ്ച വിദ്യാഭ്യാസ വകുപ്പിന് കൈമാറും.  പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ലേണേഴ്സ് ലൈസൻസിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. ഈ മാസം 28ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു കരിക്കുലം റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറും. ​

സർക്കാർ അം​ഗീകരിച്ചാൽ നിയമത്തിൽ ഭേദ​ഗതി വരുത്താൻ കേന്ദ്രത്തെ സമീപിക്കും. ഡ്രൈവിങ് പഠിക്കണമെങ്കിൽ ലേണേഴ്സ് ടെസ്റ്റ് എഴുതി വിജയിക്കണമെന്നാണ് നിലവിൽ നിയമം.
ഗതാ​ഗത കമ്മീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ  ഇതിനാവശ്യമായ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. ഗതാ​ഗത വകുപ്പിന്റെ ശുപാർശ അം​ഗികരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയുമാണ്. ഹയർ സെക്കൻഡറിയിലെ ഏതു ക്ലാസിൽ ഏത് വിഷയത്തിൽ എങ്ങനെ വിഷയം ഉൾപ്പെടുത്താം എന്നതടക്കമുള്ള കാര്യങ്ങളിലും വിശദ ചർച്ചകൾ നടക്കേണ്ടതുണ്ട്. ലേണേഴ്സ് സർട്ടിഫിക്കറ്റ് നേടുന്നതിൽ നിലവിലെ ക്രമക്കേടുകൾ ഇതുവഴി അവസാനിപ്പിക്കാം.