സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല: കാനം രാജേന്ദ്രൻ

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണിയോ സർക്കാരോ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിക്കാൻ രാഷ്ട്രീയ തീരുമാനമില്ലെന്നും കാനം ആലപ്പുഴയിൽ പറഞ്ഞു.
ഈ മാസം ആദ്യമാണ് ഇടതുമുന്നണി യോഗം ചേർന്നത്. ഒരു വർഷക്കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചാണ് ആ മുന്നണി യോഗത്തിൽ ചർച്ച ചെയ്തത്. അതിലും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് കാനം ആലപ്പുഴയിലെത്തിയത്. ജില്ലാ കമ്മിറ്റിയിൽ കെ.ഇ. ഇസ്മായിൽ പക്ഷക്കാരെ പ്രധാന ചുമതലകളിൽ നിന്ന് നീക്കി. ഇസ്മായിൽ പക്ഷത്തെ ജി. കൃഷ്ണപ്രസാദിനെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ എക്സിക്യുട്ടീവിൽ നിന്നും നീക്കി.
എഐവൈഎഫ് മുൻ സംസ്ഥാന പ്രസിഡന്റായ ജി. കൃഷ്ണപ്രസാദ് പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കൃഷ്ണപ്രസാദിന് പകരം മാവേലിക്കര മണ്ഡലം സിപിഐ മുൻ സെക്രട്ടറി എസ്. സോളമനെയാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചത്.