കത്ത് വിവാദം ഒത്തുതീര്‍പ്പിലേക്ക്: ഡിആര്‍ അനില്‍ രാജിവച്ചേക്കും, പ്രതിഷേധം അവസാനിപ്പിച്ച് പ്രതിപക്ഷം
Fri, 30 Dec 2022

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷുമായി കക്ഷി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.
ഡിആര്‍ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്ന നിലപാട് എടുത്തതോടെയാണ് ഒത്തുതീര്‍പ്പിന് ബിജെപിയും കോണ്‍ഗ്രസും വഴങ്ങിയത്. അതേസമയം, താന്‍ കത്തെഴുതിയെന്ന് ഡിആര്‍ അനിലും സമ്മതിച്ചു.
എന്നാല്‍ മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കുമെന്നും നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും ബിജെപി നേതാവ് വിവി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്.