ഭക്ഷ്യ വിഷബാധ; സംസ്ഥാന വ്യാപകമായി പരിശോധന വർധിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻ

M V Govindan
 

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.
 
ഭക്ഷ്യവിഷബാധ മൂലം കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദ മരിച്ചിരുന്നു. 


കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.