പാൽ ഉത്പ്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടുമെന്ന് മിൽമ ചെയർമാൻ
Sun, 17 Jul 2022

നാളെ മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി. തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതാണ് വിലകൂട്ടാൻ കാരണം. തൈര്, മോര്, ലെസി എന്നിവയ്ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നു. അതിനാൽ, അഞ്ചു ശതമാനത്തിൽ കുറയാത്ത വർധന നാളെമുതലുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.
അതേസമയം, ജി.എസ്.ടി ഏർപ്പെടുത്താത്തതിനാൽ പാൽവില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ജി.എസ്.ടി വരാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കെല്ലാം അഞ്ചുശതമാനം നികുതി നാളെമുതൽ പ്രാബല്യത്തിൽ വരുന്നത്.