കേരള വിദ്യാഭ്യാസ മാതൃക പഠിക്കാൻ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും സംഘവും കേരളത്തിൽ

sivankutty
കേരള മോഡൽ വിദ്യാഭ്യാസവും അതിന്റെ ഭരണപരമായ വിവരങ്ങളും സംബന്ധിച്ച ആശയവിനിമയത്തിനായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത്. ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും മന്ത്രി വി ശിവന്‍കുട്ടിയുമായി  ചർച്ച നടത്തി. 

ഒന്നാം പിണറായി വിജയൻ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും അതിന്റെ ഗുണഫലങ്ങളും  ചർച്ച ചെയ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന  നവീന ആശയങ്ങളും പദ്ധതികളും മന്ത്രിയും ഉദ്യോഗസ്ഥരും മഹാരാഷ്ട്ര സംഘത്തിന് വിശദമാക്കി.

പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകകളാണ് കേരളം നടപ്പാക്കുന്നതെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക്ക് കേസർക്കാർ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ തലവൻമാരുടേയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും സംയുക്ത യോഗത്തിലാണ് മഹാരാഷ്ട്ര മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. മൂന്ന് മണിക്കൂറോളം നടന്ന യോഗത്തിൽ ഓരോ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പ്രത്യേകം അവതരിപ്പിക്കപ്പെട്ടു. പദ്ധതി പ്രവർത്തനങ്ങളുടെ മേൽ സംശയനിവാരണവും നടന്നു.  

കേരളം നടപ്പാക്കിവരുന്ന ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിലും നടപ്പാക്കുന്നതിനാവശ്യമായ  നിർദ്ദേശം ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.