മുംബെയിൽ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയിൽ പിടിയിൽ

arrest
 

ആലപ്പുഴ: മുംബെയിൽ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയിൽ പിടിയിലായി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസ് ആണ് പിടിയിലായത്. മുംബെയിൽ സോഫ്റ്റ് വെയർ കമ്പനിയിൽ പാർട്ണറായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

 

ആലപ്പുഴയിലെത്തിയ മഹാരാഷ്ട്ര പൊലീസ് സഹായം തേടിയതിനെ തുടർന്ന് മഫ്തിയിലെത്തിയ പൊലീസുകാർ കാറിനു മുന്നിൽ ബൈക്ക് വച്ച് തടഞ്ഞെങ്കിലും ടോണി കാർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഡോർ തുറക്കാതിരുന്നതിനെ തുടർന്ന് ചില്ലു തകർത്താണ് ഇയാളെ പുറത്തിറക്കിയത്. പൊലീസിനെ സഹായിക്കാൻ നാട്ടുകാരും കൂടി. നഗരത്തിൽ ഡച്ച് സ്ക്വയറിനു സമീപത്തുനിന്നാണ് ടോണിയെ പിടികൂടിയത്.

മഹാരാഷ്ട്ര പൊലീസിന്റെ എഫ്ഐആർ മറാഠി ഭാഷയിലായതിനാൽ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ടോണിയോടൊപ്പം കാറിൽ മാതാപിതാക്കളും മറ്റു ചിലരും ഉണ്ടായിരുന്നു. യുവതി ടോണിയെയാണ് കബളിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ടോണിയെ ഉടൻ മഹാരാഷ്ട്ര പൊലീസിനു കൈമാറും.