'കത്ത് എന്‍റേതല്ല, ഉറവിടം അന്വേഷിക്കണം, അധികാരമേറ്റതുമുതൽ അപകീർത്തിപ്പെടുത്താൻ ശ്രമം'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മേയര്‍

Mayor Arya Rajendran handed over complaint regarding alleged letter to CM
 

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി. സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് മേയര്‍ സെക്രട്ടറിയേറ്റിലെത്തിയത്. 

ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും യൂത്ത് ലീഗ് അടക്കമുള്ള പ്രതിപക്ഷസംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്ന് മേയര്‍ ക്ലിഫ് ഹൗസിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. പകരം മുഖ്യമന്ത്രിയെ ഏല്‍പിക്കാനുള്ള പരാതി അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറി.

അധികാരം ഏറ്റെടുത്തതു മുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി മേയര്‍ പറഞ്ഞു. തനിക്കു നേരെയുള്ള രാഷ്ടീയ ആരോപണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കത്ത് വിവാദമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവാദമായ തരത്തിലുള്ള ഒരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ ബന്ധപ്പെട്ട സ്ഥലത്തേക്ക് കൊടുത്തു വിടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെയാണ് കത്തിനു പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. കത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തു വരേണ്ടത് തന്റെ കൂടി ആവശ്യമാണ്. കത്തിന്റെ ഒറിജിനല്‍ കണ്ടിട്ടില്ല. കത്തിലെ ഒപ്പ് വ്യക്തമല്ല. കത്തില്‍ എഡിറ്റിംഗ് നടന്നോയെന്ന് സംശയിക്കുന്നതായും ആര്യ കൂട്ടിച്ചേര്‍ത്തു.

ഓഫീസിനെ സംശയമില്ല. അത് തന്റെ പദവിയ്ക്കു ചേര്‍ന്നതല്ല. ഒരാളെയും സംശയിക്കേണ്ട സാഹചര്യമില്ല. നഗരസഭയിലെ ജീവനക്കാരെ വിശ്വാസമാണ്. നേരത്തെതന്നെ മാതൃഭൂമി അടക്കമുള്ള പത്രങ്ങളില്‍ താത്കാലിക തസ്തികകളിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചുവെന്ന് വാര്‍ത്ത വന്നിരുന്നു. പത്രവാര്‍ത്തയിലുള്ള ഉള്ളടക്കമാണ് പുറത്തുവന്ന കത്തിലുമുള്ളത്. ഉള്ളടക്കം സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണത്തിലേ വ്യക്തമാകൂ.

കത്ത് എവിടെനിന്നാണ് രൂപപ്പെട്ടത് എന്ന് കണ്ടെത്തേണ്ടതിനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്റേതല്ലാത്ത കത്ത് പ്രചരിപ്പിക്കുന്നു. അതിന്റെ ഉറവിടം സംബന്ധിച്ച സത്യാവസ്ഥ കണ്ടെത്തണം. മേയറെന്ന നിലയില്‍ തന്നെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു. സംഭവങ്ങളുടെ നിജസ്ഥിതി കണ്ടെത്തണം എന്നീ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. മേയറായി ചുമതല ഏറ്റെടുത്തശേഷം വ്യക്തിപരമായി പോലും ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല. പുറത്തുവന്ന കത്ത് ഷെയര്‍ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി അന്വേഷിക്കേണ്ടതാണ്. മേയറെന്ന നിലയില്‍ വേണമെങ്കില്‍ അഴിമതി മൂടിവെക്കാം. എന്നാല്‍ അഴിമതി തടയണമെങ്കില്‍ അഴിമതി കണ്ടെത്തുകയും ശക്തമായ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. തനിക്ക് ഒന്നും മറച്ചുവെക്കാനോ ഒളിച്ചുവെക്കോനോ ഇല്ല. എന്നാല്‍ കള്ളനെ പോലീസ് പിടിക്കുന്നതുപോലെയാണ് മാധ്യമങ്ങള്‍ പിന്തുടര്‍ന്നതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.


എംപ്ലോയ്‌മെന്റിന് നിയമങ്ങൾ വിട്ടത് സർക്കാരുമായി ആലോചിച്ചാണ്. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും ആലോചിച്ചെടുത്ത തീരുമാനമാണത്. സുതാര്യമായി നിയമനം നടത്തും. ഡിജിറ്റൽ ഒപ്പ് ഇല്ല. താൻ സ്ഥലത്തില്ലെങ്കിൽ ഫയലുകൾ മെയിൽ ചെയ്ത്‌ ഒപ്പിട്ട്‌ തിരിച്ച് മെയിൽ ചെയ്യുന്നതാണ് പതിവ്. ഒരൊറ്റ തവണയേ അങ്ങനെ ചെയ്തിട്ടുള്ളു. കത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തത് സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, സെക്രട്ടറിയേറ്റില്‍ നിന്ന് മടങ്ങിയ മേയര്‍ക്ക് നേരം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തി. സെക്രട്ടറിയേറ്റില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ പുന്നന്‍ റോഡിലെത്തിയപ്പോഴായിരുന്നു യെത്തിയപ്പോഴായിരുന്നു മേയറുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായത്. അഞ്ചോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ നീക്കി.