റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്‍റെ മരണം; കേരളത്തിലെ കേന്ദ്രമന്ത്രി ഇടപെടണമെന്ന് മന്ത്രി റിയാസ്

പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
 

 
തിരുവനന്തപുരം: നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 


ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം. ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാന്‍ അതോറിറ്റി കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 
 
കരാറുകാരുടെ പേരുവിവരവും റോഡിന്റെ പരിപാലന കാലാവധിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും പരസ്യപ്പെടുത്താൻ ദേശീയപാതാ അതോറിറ്റി തയാറാകുന്നില്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നില്ല. മരാമത്ത് വകുപ്പ് റോഡ് നിർമാണത്തിൽ വീഴ്ച വരുത്തിയ നിരവധി കരാറുകാർക്കു വിലക്കേർപ്പെടുത്തിയതുപോലെ കേന്ദ്രവും മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ദേശീയപാതയുടെ കരാറുകാരെ നിലയ്ക്കു നിർത്താൻ എന്തു കൊണ്ട് കേന്ദ്രത്തിനു കഴിയുന്നില്ലെന്നു മന്ത്രി ചോദിച്ചു. 

റോഡ് നിർമാണത്തിൽ‌ ചില അവിശുദ്ധ കൂട്ടുകെട്ടുകളുണ്ട്. കേന്ദ്രസർക്കാർ അവർക്കെതിരെ നടപടി സ്വീകരിക്കണം. കരാറുകാരുടെ തെറ്റായ പ്രവർത്തനങ്ങളെ കേന്ദ്രം തിരുത്തണം.  കുഴിയില്‍വീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിനു പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.